കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ. ഭായ് കോളനിയിലെ മയക്കുമരുന്ന് - അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ച പ്രദേശവാസികൂടിയായ പൊതുപ്രവർത്തകനെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.
ജാമ്യമില്ലാ വകുപ്പ്
വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റ് ഷമിത ഷരീഫിന്‍റെ ഭർത്താവും പൊതുപ്രവർത്തകനുമായ ഷരീഫ് പുള്ളട്ടിനെയാണ് പെരുമ്പാവൂർ പോലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. നാളുകളായി ഭായ് കോളനി, ബംഗാൾ കോളനി എന്നീ പേരുകളിൽ അറിയപ്പെടുന്ന പെരുമ്പാവൂരിലെ സ്ഥലം മയക്കുമരുന്ന് - അനാശാസ്യ പ്രവർത്തനങ്ങളുടെ ഉറവിടവും ഹബ്ബുമാണ്.
ഇതിനെതിരെ നാട്ടുകാർ പ്രതിഷേധ ബോർഡുകൾ കോളനിയിൽ സ്ഥാപിച്ചിരുന്നു. മലയാളത്തിൽ സ്ഥാപിച്ച ബോർഡുകൾക്കെതിരെ വിമർശനങ്ങൾ വന്നെങ്കിലും ഇതിനു പിന്നിൽ ഇതര സംസ്ഥാനക്കാർ മാത്രമല്ല മലയാളികളും ഉണ്ടെന്ന നിഗമനത്തിലാണ് ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചത്.
അനധികൃത കെട്ടിടങ്ങളും താമസക്കാരും അതിനെ ചുറ്റിപ്പറ്റിയുള്ള മയക്കുമരുന്ന് വ്യാപാരവും പെൺവാണിഭവും നിർബാധം തുടരുകയാണ്. സഹികെട്ടപ്പോഴാണ് ഇതിനെതിരേ കണ്ണന്തറ പ്രദേശത്തും പരിസര പ്രദേശങ്ങളിലുമുള്ളവർ സംഘടിച്ചത്. മതസംഘടനകളും യുവജന സംഘടനകളും ഇതിനു പിന്തുണയുമായി വന്നു. ഈ സമയത്താണ് പ്രതിഷേധത്തിനു മുന്നിൽ നിൽക്കുന്നവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
കച്ചവടം പരസ്യമായി
മയക്കുമരുന്നു കച്ചവടത്തിലൂടെ ലക്ഷക്കണക്കിനു രൂപയാണ് ഒരു ദിവസം ഭായ് കോളനികളിൽനിന്നു മാത്രം ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. പല കെട്ടിടങ്ങളിലും ഇതര സംസ്ഥാനങ്ങളിലെ പെൺകുട്ടികളെ കൊണ്ടുവന്നു പെൺവാണിഭവും നടത്തുന്നുണ്ടെന്നാണ് ആരോപണം. മുംബൈ റെഡ് സ്ട്രീറ്റിനെ ഓർമപ്പെടുത്തും വിധമുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
പോലീസ് ഒത്താശയോ?
റെഡി മാർക്കറ്റ് എന്നാണ് ഇവിടം അറിയപ്പെടുന്നതും. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നു വിദ്യാർഥികൾ അടക്കം ഇവിടെ മയക്കുമരുന്നിനും അനാശാസ്യത്തിനും എത്തുന്നതും പതിവാണ്.
കഴിഞ്ഞ ഒരാഴ്ചയായി ഇതിനെതിരെ ജനങ്ങൾ സംഘടിപ്പിച്ചപ്പോൾ ഒരു പരിധിവരെ ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കാൻ പ്രദേശവാസികൾക്കു കഴിഞ്ഞിരുന്നു. ഇതിനെ തടയിടാനാണ് ഇപ്പോൾ പോലീസ് - എക്‌സൈസ് ശ്രമമെന്നും നാട്ടുകാർ ആരോപിച്ചു.
വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷമിതാ ഷരീഫ്, വൈസ് പ്രസിഡന്‍റ് പി.എച്ച്. മുഹമ്മദ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത നൗഷാദ്, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷമീർ തുകലിൽ, അംഗങ്ങളായ എം.ഐ. അബ്ബാസ്, ഷെമീറ ഫൈസൽ, അഡ്വ. അനസ്, ഷെറിന കാച്ചാംകുഴി, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ശാരദ തുടങ്ങിയവർ സ്ഥലത്തെത്തി.
കണ്ടണ്ടന്തറയിൽനിന്ന് ഭായ് കോളനിയിലേക്കു നിശ്ചയിച്ച പ്രതിഷേധ പ്രകടനം മാറ്റിവച്ചതായും സാങ്കേതികമായും നിയമപരമായും ചില തടസങ്ങൾ ഉള്ളതിനാൽ അടുത്ത ദിവസങ്ങളിൽ ഇതു നടത്തുമെന്നും പ്രദേശവാസികൾ അറിയിച്ചു.